ന്യൂഡൽഹി: ദേശീയ പാത 301-ലെ കാർഗിൽ-സൻസ്‌കർ ഇന്റർമീഡിയറ്റ് പാത നവീകരിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ലഡാക്കിലെ NH301 ലെ ഇന്റർമീഡിയറ്റ് പാത ശക്തിപ്പെടുത്തുന്നത് അതിർത്തി പ്രദേശങ്ങളിലേക്കുള്ള സുഗമമായ സഞ്ചാരം ഉറപ്പാക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ പാത 301 ൽ കാർഗിൽ-സൻസ്‌കർ ഇന്റർമീഡിയറ്റ് ലെയ്ൻ കാണിക്കുന്ന ചിത്രങ്ങളും ഗഡ്കരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 31.14 കിലോമീറ്ററാണ് ഈ റോഡിന്റെ ദൈർഘ്യം. പാക്കേജ് 6-ന്റെ പരിധിയിൽ വരുന്ന റോഡ് ഈ മേഖലയിലേക്ക് വർഷം മുഴുവനും പ്രവേശനക്ഷമത ഉറപ്പാക്കുമെന്ന് ഗഡ്ക്കരി അറിയിച്ചു.
പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും മേഖലയിലെ നിവാസികൾക്കും റോഡ് പ്രയോജനപ്രദമാകും. ലഡാക്ക് ഉത്തരേന്ത്യയിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നാണ്. ശൈത്യകാലത്ത്, രാജ്യത്തിന്റെ ആ ഭാഗത്തേക്ക് പ്രവേശനം ഏതാണ്ട് അസാധ്യമാണ്. എന്നാൽ ഈ റോഡ് നിർമിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും. ഈ നവീകരിച്ച ഹൈവേ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും വിശ്വസനീയവും ആക്‌സസ് ചെയ്യാവുന്നതുമായ ലിങ്ക് പ്രദാനം ചെയ്യുന്നതിലൂടെ മേഖലയിലെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

