ഇന്ത്യക്കാരിൽ 80 ശതമാനം പേരും നരേന്ദ്ര മോദിക്ക് അനുകൂലമായി ചിന്തിക്കുന്നു; സർവേ റിപ്പോർട്ട് പുറത്ത്

വാഷിങ്ടൺ: ഇന്ത്യക്കാരിൽ 80 ശതമാനം പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്. പ്യൂ റിസേർച്ച് സെന്റർ പുറത്തുവിട്ട സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അടുത്ത കാലത്തായി ഇന്ത്യ കൂടുതൽ സ്വാധീനശക്തിയായി വളർന്നുവെന്ന് പത്തിൽ ഏഴ് ഇന്ത്യക്കാർ വിശ്വസിക്കുന്നുണ്ടെന്ന് സർവ്വേ പറയുന്നു. ഫെബ്രുവരി 20 മുതൽ മെയ് 22 വരെയുള്ള കാലഘട്ടത്തിലാണ് സർവ്വേ നടത്തിയിരിക്കുന്നത്.

24 രാജ്യങ്ങളിൽനിന്നായി 30,861 പേർ സർവേയിൽ പങ്കാളികളായി. ഇതിൽ ഇന്ത്യയിൽനിന്ന് 2,611 പേരും ഉൾപ്പെടുന്നു. പത്തിൽ എട്ടുപേർ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി ചിന്തിക്കുമ്പോൾ, ഇതിൽ 55% പേർ അദ്ദേഹത്തെ വളരേയധികം പിന്തുണയ്ക്കുന്നു. അഞ്ചിൽ ഒരാൾ മാത്രമാണ് മോദിക്കെതിരായി അഭിപ്രായം രേഖപ്പെടുത്തിയതെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

സർവേയിൽ പങ്കെടുത്ത 46 ശതമാനംപേർ ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി ചിന്തിക്കുന്നുണ്ട്. 34 ശതമാനം പേർ ഇന്ത്യയ്ക്ക് എതിരായി ചിന്തിക്കുന്നു. 16 ശതമാനംപേർ പ്രതികരിക്കാൻ തയ്യാറായില്ല. ഇന്ത്യയ്ക്ക് അനുകൂലമായ പ്രതികരണം ഏറ്റവും കൂടുതൽ ഉണ്ടായത് ഇസ്രയേലിൽ നിന്നാണ്.