ന്യൂഡൽഹി: മണിപ്പൂർ സംഭവത്തിൽ ഇടപെടലുമായി ദേശീയ വനിത കമ്മീഷൻ. മണിപ്പൂരിൽ രണ്ടു യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. സംസ്ഥാന ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടുമാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് നാലു ദിവസത്തിനുള്ളിൽ നൽകണമെന്നാണ് കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം, കേസിലെ പ്രതികൾക്കെതിരെ രേഖപ്പെടുത്തിയ എഫ്‌ഐആറിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 ഡി, 354 വകുപ്പുകൾ ചുമത്തണമെന്നും കമ്മീഷൻ മണിപ്പുർ ഡിജിപി. രാജീവ് സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കകുയെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്.
കേസിൽ സമയോചിതമായി അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. മണിപ്പുരിലുണ്ടായിരിക്കുന്നത് ഏറ്റവും കടുത്ത വാക്കുകളിൽ അപലപിക്കേണ്ട സംഭവമാണെന്ന് ചീഫ് സെക്രട്ടറി വിനീത് ജോഷിക്ക് അയച്ച കത്തിൽ കമ്മീഷൻ അധ്യക്ഷ രേഖ ശർമ വിശദമാക്കിയിട്ടുണ്ട്.

