ചെന്നൈ: ആരാധക സംഘടനയായ ‘ദളപതി വിജയ് മക്കൾ ഇയക്ക’ത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായി കൂടിക്കാഴ്ച്ച നടത്തി നടൻ വിജയ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കൂടിക്കാഴ്ച്ച നടന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്‌യുടെ ഫാം ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. യോഗത്തിൽ മക്കൾ ഇയക്കത്തിന്റെ പ്രവർത്തനങ്ങൾ ചർച്ചാ വിഷയമായെന്നാണ് റിപ്പോർട്ട്.
അതേസമയം, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങൾ വിജയ് യോഗത്തിൽ വെളിപ്പെടുത്തിയില്ലെന്നാണ് വിവരം. യോഗത്തിൽ പങ്കെടുത്ത പ്രവർത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രവർത്തനത്തിനായി സിനിമയിൽ നിന്നും വിജയ് മൂന്ന് വർഷം ഇടവേളയെടുക്കുമെന്ന തരത്തിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ഇവർ തള്ളുകയും ചെയ്തു.
ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ 234 മണ്ഡലങ്ങളിലെ ചുമതലക്കാരുമായാണ് വിജയ് കൂടിക്കാഴ്ച നടത്തുന്നത്. ചൊവ്വാഴ്ച 15 ജില്ലകളിൽ നിന്നുള്ള 115 ചുമതലക്കാരെ വിജയ് നേരിൽ കണ്ടുവെന്നാണ് ലഭ്യമാകുന്ന വിവരം.

