കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന തീപിടിത്തവുമായി ബന്ധപ്പെട്ട് സാങ്കേതിക അന്വേഷണ നടപടികൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പിഡബ്ല്യുഡിയുടെ ഇലക്ട്രിക്കൽ വിഭാഗം ഇതിനായി പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തതായി മന്ത്രി പറഞ്ഞു. പോലീസ് ഫോറെൻസിക് സംഘം സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.
ഇന്നലെ രാത്രി 8 മണിയോടെയാണ് അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയരുന്നത് കാണപ്പെട്ടത്. ഷോർട്ട് സർക്യൂട്ടോ, യുപിഎസ് യൂണിറ്റിനുള്ളിലെ ബാറ്ററിയുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറോ ആകാം അപകട കാരണം. സംഭവത്തിൽ ബാധിച്ച എംആർഐ യുപിഎസ് യൂണിറ്റിന് 2026 ഒക്ടോബർ വരെ വാറന്റിയുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് വരെ ഈ യൂണിറ്റിന് മൈന്റനൻസ് നടത്തിയത് ആണ്.. അപകടത്തിന്റെ കാരണം വ്യക്തമായി കണ്ടെത്തേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അപകടസമയത്ത് ആശുപത്രിയിൽ 151 രോഗികൾ ഉണ്ടായിരുന്നു. ഇവരിൽ 114 പേർ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് തുടരുന്നത്, 37 പേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് പ്രത്യേകം അന്വേഷണം നടക്കുമെന്ന് മന്ത്രി അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുഖേന മരണകാരണം സ്ഥിരീകരിക്കും. അന്വേഷണത്തിന് മറ്റൊരു മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമായിരിക്കും ചുമതലയെടുക്കുക.
അപകടം നടന്ന ബ്ലോക്കിന്റെ പുനരുദ്ധാരണത്തിന് കുറച്ച് സമയം വേണ്ടിവരും. വയറിങ് അടക്കമുള്ള ഘടകങ്ങൾ പരിശോധിച്ചുവരികയാണ്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാ ചെലവുകൾ സംബന്ധിച്ച് വ്യക്തമായ നിലപാട് ഉടനെയുണ്ടാകുമെന്നും ഡോക്ടർമാർ പരിശോധന നടത്തിയ ശേഷം ബില്ല് സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആരുടെയും ചികിത്സ തടസപ്പെടില്ലെന്ന് മന്ത്രി ഉറപ്പ് നൽകി.