കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് ഇപ്പോഴേ ഒരുക്കം തുടങ്ങാൻ തീരുമാനിച്ച് ബിജെപി സംസ്ഥാന നേതൃയോഗം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ 60 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പ്രവർത്തനം നടത്താനും യോഗത്തിൽ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ബിജെപിയുടെ വിശാല നേതൃയോഗം ജൂലൈ 9ന് നടക്കും. തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുക. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ യോഗത്തിൽ പങ്കെടുക്കും.
അതേസമയം, സിപിഎമ്മിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ അന്വേഷണം പിണറായി വിജയനിലേക്ക് എത്തുമെന്നായപ്പോൾ സിപിഎമ്മും കോൺഗ്രസും ചേർന്ന് കേസ് ഒതുക്കിത്തീർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ കെ രമ എംഎൽഎ ആയെങ്കിലും ചന്ദ്രശേഖരന് നീതി കിട്ടിയിട്ടില്ല. ചന്ദ്രശേഖരന്റെ വിധി മറ്റാർക്കും വരാതെ സംരക്ഷിക്കുമെന്ന് കോൺഗ്രസ് പറയുന്നത് തട്ടിപ്പാണ്. വെള്ളാപ്പള്ളി നടേശൻ അടക്കം സിപിഎം ഭീഷണി നേരിടുന്നവരെ സംരക്ഷിക്കുമെന്നും അവർക്കൊപ്പം നിൽക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

