തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ല; കെ സുധാകരൻ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൊഴിലാളികൾക്ക് കൂലി നൽകാത്ത ഈ സർക്കാരിനെ എങ്ങനെ ഇടതുപക്ഷ സർക്കാരെന്ന് വിളിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു. തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ലെന്നും അദ്ദേഹം വിമർശിച്ചു.

ശമ്പളം പത്താം തീയതിക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിന് പുല്ലുവിലയാണ് സർക്കാർ നൽകിയത്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ പകുതി നൽകുകയും രണ്ടാം ഗഡു ഇനിയും നൽകിയിട്ടുമില്ല. കെഎസ്ആർടിസിയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ് സർക്കാരിന്റെ അലംഭാവം കൊണ്ട് ദുരിതത്തിലാകുന്നത്. രണ്ട് മാസത്തെ പെൻഷൻ ഇപ്പോൾ കുടിശ്ശികയാണ്. മരുന്നും മറ്റും വാങ്ങാൻ കാശില്ലാതെ പെൻഷൻകാരിൽ പലരും നരകയാതനയാണ് അനുഭവിക്കുന്നത്. ഇതൊന്നും കാണാനും കേൾക്കാനും തയ്യാറാകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് സാധരണക്കാരായ നികുതിദായകരുടെ 30 കോടിയെടുത്ത് ആർഭാടത്തോടെ കെഎസ്ആർടിസി ബസിലേറി ജനസദസ്സിന് പുറപ്പെടാൻ തയ്യാറാടെക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.

കോടികൾ ഖജനാവിൽ നിന്നും ധൂർത്തിനും അനാവശ്യ പാഴ്ചെലവിനുമായി പൊടിക്കുമ്പോഴാണ് പണിയെടുത്ത കൂലിയും ആനുകൂല്യത്തിനുമായി കെഎസ്ആർടിസി തൊഴിലാളികളും പെൻഷൻകാരും നിരന്തരം സമരം ചെയ്യേണ്ടി വരുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത ഇരട്ടിയാക്കുകയും ഷെഡ്യൂളുകൾ നേരത്തതിനേക്കാൾ പകുതിയായി കുറച്ചതുമല്ലാതെ എന്തുനല്ലകാര്യമാണ് അവർക്കുവേണ്ടി ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ ബസുകൾ ഇറക്കാത്തതിനാൽ കെഎസ്ആർടിസിക്ക് ദീർഘദൂര സർവീസുകൾ പലതും നടത്താൻ കഴിയാത്ത അവസ്ഥയാണ്. കെഎസ്ആർടിസിയെ തഴയുന്ന സർക്കാർ സ്വിഫ്റ്റിന് അധിക പ്രാധാന്യം നൽകുകയാണ്. കെഎസ്ആർടിസിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് സ്വിഫ്റ്റ് കമ്പനിക്ക് ബസുകൾ വാങ്ങുന്നത്. ഇന്ധനം, മെയിന്റനൻസ് ഉൾപ്പെടെ എല്ലാത്തിനും സ്വിഫ്റ്റ് ആശ്രയിക്കുന്നത് കെഎസ്ആർടിസിയെയാണ്. ജീവനക്കാരെയും ഷെഡ്യൂകളും കുറച്ചും പുതിയ ബസുകൾ ഇറക്കാതെയും കെഎസ്ആർടിസിയെ തകർക്കുന്ന സർക്കാർ സ്വിഫ്റ്റ് കമ്പനിയിലേക്ക് സിപിഎം അനുഭാവികളെ താൽക്കാലിക വേതനാടിസ്ഥാനത്തിൽ പിൻവാതിൽ നിയമനം നടത്തുകയാണ്. നഷ്ടങ്ങളുടെ കണക്ക് നിരത്തി ജീവനക്കാരെ തുടർച്ചയായി പറ്റിക്കുകയാണ് സർക്കാർ. കെഎസ്ആർടിസിക്ക് പ്രതിമാസം 220 കോടിയോളം വരുമാനമുണ്ട്. ജീവനക്കാരുടെ ശമ്പളത്തിന് 70 കോടിയും ഇന്ധനച്ചെലവിനും മറ്റുമായി 100 കോടിയും ലോൺ തിരിച്ചടവിന് 30 കോടിയും ചെലവായാലും 20 കോടി രൂപ മിച്ചംവരും. ഇതിന് പുറമെ സർക്കാരിന്റെ സാമ്പത്തിക സഹായവും പ്രതിമാസം ലഭിക്കും. എന്നിട്ടും ജീവനക്കാർക്ക് ശമ്പളവും പെൻഷനേഴ്സിന് പെൻഷനും കൃത്യസമയത്ത് മുടക്കമില്ലാതെ നൽകാത്തത് ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലാളികളെ ദ്രോഹിക്കുകയെന്ന രഹസ്യ അജണ്ടയുണ്ട് ഈ ബോധപൂർവ്വമായ നടപടിക്ക് പിന്നിൽ. സുശീൽ ഖന്ന റിപ്പോർട്ടിലെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ശമ്പള പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാരെ കുറയ്ക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുടെയും കഴിവിയില്ലായ്മയുടെയും വിഴുപ്പുഭാണ്ഡം തൊഴിലാളികളുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം പരിഹാസ്യമാണ്. കെഎസ്ആർടിസിയെ എങ്ങനെയും പൂട്ടിക്കെട്ടാനാണ് എൽഡിഎഫ് സർക്കാരിന് വ്യഗ്രത. റൂട്ടുകൾ സ്വകാര്യവത്കരിച്ചും പുതിയ ബസുകൾ വാങ്ങാതെയും 12 മണിക്കൂർ ഡ്യൂട്ടിപരിഷ്‌കരണത്തിലൂടെയും ആ തകർച്ച വേഗത്തിലാക്കാനുള്ള നടപടികൾ മാത്രമാണ് സർക്കാർ സ്വീകരിക്കുന്നത്. കെഎസ്ആർടിസിയുടെ ആസ്തി മുഴുവൻ ദീർഘകാലത്തെക്ക് പണയപ്പെടുത്തി കൊള്ളയടിക്കാനുള്ള നീക്കം നടക്കുന്നു. ഇവിടത്തെ തൊഴിലാളികളെ വെറും അടിമകളെപ്പോലെയാണ് സർക്കാരും മാനേജ്മെന്റും കാണുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ശമ്പള കരാർ പൂർണ്ണമായി നടപ്പാക്കണമെന്ന തൊഴിലാളികളുടെ നിരന്തര ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുകയാണ്. ഈ അവഗണന അവസാനിപ്പിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷനേഴ്സിനും അവരുടെ അവകാശമായ ശമ്പളവും പെൻഷനും നൽകാൻ മാനേജ്മെന്റും സർക്കാരും തയ്യാറാകണം. അതിന് വീഴ്ച്ചവെരുത്താനാണ് സർക്കാർ നീക്കമെങ്കിൽ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരമ്പരകൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.