കള്ളുഷാപ്പുകളുടെ വില്‍പ്പന ഇനി ഓണ്‍ലൈന്‍ വഴി : എം ബി രാജേഷ്

കളള് ഷാപ്പുകളുടെ വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈനായി നടത്തി എക്‌സൈസ് വകുപ്പ്. ഓണ്‍ലൈനായി നടത്തിയ വില്‍പ്പനയുടെ ആദ്യ റൗണ്ടില്‍ തന്നെ 87.19% ഗ്രൂപ്പുകളുടെയും വില്‍പ്പന പൂര്‍ത്തിയാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വില്‍പ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകളും വിറ്റുപോയി. ഇതിലൂടെ 11.9 കോടി രൂപ വരുമാനമായി ലഭിച്ചു. അപേക്ഷകര്‍ക്ക് വില്‍പ്പന നടപടികള്‍ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാല്‍ ആവശ്യമായ രേഖകള്‍ എല്ലാം ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ഓണ്‍ലൈനില്‍ വില്‍പ്പന നടപടികള്‍ കാണാന്‍ കഴിഞ്ഞു.

പരിപൂര്‍ണ്ണമായ സുതാര്യത ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിഞ്ഞു. വില്‍പ്പന പ്രക്രിയയുടെ ചെലവുകള്‍ ഏറെക്കുറേ പൂര്‍ണ്ണമായി ഇല്ലാതാക്കാനായി. ഓണ്‍ലൈനാക്കിയതിനാല്‍ ജില്ലാതലത്തില്‍ ജീവനക്കാരുടെ സേവനം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
117 ഗ്രൂപ്പ് കളളുഷാപ്പുകളുടെ രണ്ടാം റൗണ്ട് വില്‍പ്പനയും ഓണ്‍ലൈനായി നടക്കും.തീര്‍ത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ ഈ വില്‍പ്പന മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു