കുടിശ്ശിക വിതരണത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് വീഴ്ചയില്ല; കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: നെല്ല് സംഭരണ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെ പഴിചാരി വിശദീകരണവുമായി എത്തിയ മന്ത്രിമാരെ തള്ളിയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. കുടിശ്ശിക വിതരണത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കുടിശികക്ക് കാരണം കേരളം കണക്കുകൾ നൽകാത്തതാണ്. കേരളത്തിന്റെ വാദങ്ങൾ വെറും പൊള്ളയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷക വിഷയത്തിൽ മന്ത്രിമാരെ ഇരുത്തി നടൻ ജയസൂര്യ വിമർശനം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമായത്. കർഷകർക്ക് മുഴുവൻ തുകയും നൽകിയെന്ന വിശദീകരണവുമായി ഇതിന് പിന്നാലെ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ എത്തി. ഇതുവരെ 1854 കോടി രൂപ 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി വിതരണം ചെയ്തതു എന്നായിരുന്നു മന്ത്രി വിശദീകരിച്ചത്.

2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകിയെന്നും മന്ത്രി പറഞ്ഞു. 216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി കർഷകർക്ക് നൽകാനുള്ളതെന്നും ഇത് ഉടൻ അവരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും വിതരണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിനായി ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാൽ ഇത് പ്രകാരം പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായി. 2018-2019 മുതൽ 2022വരെ നെല്ല് സംഭരണ വിഹിതമായി 637.6 കോടി രൂപ കേന്ദ്രത്തിൽ നിന്നും ഇനിയും ലഭിക്കാനുണ്ട്. വിവിധ ഘട്ടങ്ങളിലായ് ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.