കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി തോമസാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.
എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക്ക്. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ് അദ്ദേഹം. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ജെയ്ക്ക് യുവജനക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ ഇത് മൂന്നാം തവണയാണ് ജെയ്ക്ക് മത്സരിക്കുന്നത്. 2016 ലും 2021 ലും അദ്ദേഹം ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ നിന്നും മത്സരിച്ചിരുന്നു.
അതേസമയം, പ്രതിപക്ഷത്തിനെതിരെ എം വി ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വികസനപ്രവർത്തനങ്ങളേയും സംഘടിതമായി എതിർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരുകാര്യവും കേരളത്തിൽ നടക്കാൻ പാടില്ല. കാരണം, കേരളത്തിൽ വികസന പ്രവർത്തനത്തിന് വോട്ട് ഉണ്ട് എന്ന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്. വികസനപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല എന്ന് അജണ്ട വെച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമായിരുന്നു ഇത്. കെ. റെയിലിന്റെ കാര്യത്തിൽ, ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ, കെ ഫോൺ പദ്ധതി, തുടങ്ങി പല പദ്ധതികളും അംഗീകരിക്കാൻ കൂട്ടാക്കാതെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ജനങ്ങൾ അംഗീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

