ക്യാമറ നിരീക്ഷണം ശക്തമാക്കാൻ പോലീസ്; നടപടികൾ ഊർജിതമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചതോടെ ക്യാമറ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ച് പൊലീസ്. 2 ലക്ഷം ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി 6 മാസത്തിനകം പൂർത്തിയാക്കും. റസിഡന്റ്‌സ് അസോസിയേഷനുകളുടെയും വ്യാപാരികളുടെയും പങ്കാളിത്തത്തോടെ ആണ് പദ്ധതി.

മിനിമം 8000 മുതൽ 10,000 വരെ ക്യാമറകളാണ് നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും സ്ഥാപിക്കുക. ക്യാമറകളുടെ വിവരശേഖരണം പൂർത്തിയായപ്പോൾ റോഡുകളിലും സ്ഥാപനങ്ങളിലുമായി നഗരത്തിൽ 60,000 ക്യാമറകൾ ഉണ്ടെന്നാണ് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാന ജംക്ഷനുകൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും നിരീക്ഷണ ക്യാമറകൾ ഉറപ്പാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സിസിടിവി സ്ഥാപിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളുടെയും സഹകരണം ഉണ്ടെങ്കിൽ കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പെട്ടെന്ന് തിരിച്ചറിയാനും കഴിയുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു.