പ്രധാനമന്ത്രിയ്ക്ക് ഓണക്കോടി നൽകാൻ കേരളം; തയ്യാറാക്കുന്നത് കണ്ണൂരിൽ

കണ്ണൂർ: കേരളം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി തയ്യാറാക്കുന്നത് കണ്ണൂരിൽ നിന്ന്. കൈത്തറി തുണികൊണ്ട് നിർമിക്കുന്ന കുർത്തയാണ് പ്രധാനമന്ത്രിയ്ക്ക് കേരളം ഇത്തവണ ഓണസമ്മാനമായി നൽകുന്നത്.

കുർത്ത നിർമ്മിക്കുന്നത് കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ- ഓപ്പ് വീവിംഗ് സൊസൈറ്റിയാണ്. മറ്റ് നിരവധി പ്രമുഖർക്കും ഇവിടെ നിന്നും കുർത്ത തയ്യാറാക്കുന്നുണ്ട്. ലോക്നാഥ് വീവേഴ്സ് സെക്രട്ടറി പി വിനോദ് കുമാറാണ് ഓണക്കോടി നിർമിക്കുന്നതിന്റെ ദൗത്യം ഏറ്റെടുത്തത്. ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽ സ്റ്റേറ്റ് ഡയറക്ടർ കെ എസ് അനിൽകുമാറിന്റെ നിർദേശാനുസരണമാണ് അദ്ദേഹം ദൗത്യം ഏറ്റെടുക്കാൻ തയ്യാറായത്.

പ്രധാനമന്ത്രിയ്ക്കുള്ള ഓണസമ്മാനം നെയ്തെടുക്കുന്നത് കണ്ണൂർ വാരത്തെ നെയ്ത്തുകാരി കെ ബിന്ദുവാണ്. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഒരാഴ്ചയായി. അതീവശ്രദ്ധയോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. മൂന്നുമീറ്റർ തുണി മാത്രമേ ഒരു ദിവസം നെയ്തെടുക്കാൻ കഴിയൂ. മോദിയ്ക്കുള്ള കുർത്ത തുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകൽപ്പന ചെയ്തത് കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്‌ളസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ്. തിങ്കളാഴ്ച കുർത്ത തുണി തിരുവനന്തപുരത്തെത്തിക്കും. ഹാൻടെക്സിന്റെ തിരുവനന്തപുരത്തെ തുന്നൽകേന്ദ്രത്തിലാണ് കുർത്ത തയ്ക്കുന്നത്. ഇളംപച്ച, റോസ്, വെള്ള, ചന്ദനനിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ചേർത്താണ് കുർത്ത ഡിസൈൻ ചെയ്തിട്ടുള്ളത്.