തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് തിരിച്ചടി. ഭൂമി തരം മാറ്റ ഫീസ് നിശ്ചയിക്കുന്നതിലാണ് സർക്കാരിന് തിരിച്ചടി നേരിട്ടത്. 25 സെന്റ് ഭൂമി വരെ തരംമാറ്റം സൗജന്യമായിരിക്കണമെന്നും അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോൾ മുഴുവൻ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശി സമർപ്പിച്ച ഹർജി നേരെത്തെ സിംഗിൾ ബെഞ്ച് പരിഗണിച്ചിരുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഭൂമി വാങ്ങിയതു 2017നു ശേഷമാണെങ്കിലും 25 സെന്റിന് താഴെയാണെങ്കിൽ തരം മാറ്റാൻ ഫീസ് ഇളവു നൽകണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു.
നിലമെന്നു വിജ്ഞാപനം ചെയ്തിട്ടില്ലാത്ത 25 സെന്റിൽ താഴെയുള്ള ഭൂമി തരം മാറ്റാൻ ഫീസ് നൽകേണ്ടെന്ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണു ഹർജിക്കാർ ഭൂമി തരം മാറ്റാൻ ഫീസിളവിന് അപേക്ഷ നൽകിയത്. എന്നാൽ 2017 ഡിസംബർ 30 വരെ ഒന്നായി കിടന്ന ഭൂമി അതിനുശേഷം തിരിച്ച് 25 സെന്റോ താഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിൽ അവയ്ക്കു സൗജന്യം ബാധകമല്ലെന്നും അവ ഒന്നായി കണക്കാക്കിയാണ് ഫീസ് ഈടാക്കേണ്ടതെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

