സ്‌കൂളുകളിൽ അദ്ധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാകണം; വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിൽ അദ്ധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ തന്നെ ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി റാങ്കടിസ്ഥാനത്തിൽ വേണം താത്കാലിക നിയമനം നടത്തേണ്ടത്. താത്കാലിക നിയമനം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് അർഹരായ ഉദ്യോഗാർത്ഥികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു സാദ്ധ്യതകൾ തേടാവൂവെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ആദ്യം പത്രപരസ്യം നൽകണം. തുടർന്ന് പരിണിതപ്രജ്ഞരായ ആളുകളെ ഉൾപ്പെടുത്തി അഭിമുഖ ബോർഡ് രൂപീകരിക്കണം. ഈ അഭിമുഖ ബോർഡ് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി കഴിവും യോഗ്യതയും ഉള്ളവരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. റാങ്ക് ലിസ്റ്റ് സ്‌കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.