മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങിയതിന്റെ ആദ്യ സൂചനയാണ് ഐ ജി ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ; കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങിയതിന്റെ ആദ്യ സൂചനയാണ് ഐ ജി ലക്ഷ്മണിന്റെ വെളിപ്പെടുത്തലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉദ്യോഗസ്ഥരെ പ്രതികളാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും രക്ഷപ്പെടുന്നതിന്റെ തിരിച്ചടിയുടെ സൂചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റ ഓഫീസിനെതിരെ ഐജി ലക്ഷമൺ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണം. ശിവശങ്കർ രണ്ടുമാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറവും പുറത്തുവരുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ഒരു അധികാര കേന്ദ്രം ആ ഓഫീസിലുണ്ട് എന്ന കാര്യത്തിൽ ഇപ്പോൾ യാതൊരു സംശയവുമില്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ സെക്രട്ടറി ആ സ്ഥാനത്തിരുന്ന് പലതും ചെയ്തു. അതൊന്നും കണ്ടുപിടിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോയെന്ന് മുരളീധരൻ ചോദിക്കുന്നു.

താൻ മുൻപു ചോദിച്ച ചോദ്യമാണിത്. ഇപ്പോൾ ആ അധികാര കേന്ദ്രത്തെക്കുറിച്ച് ഒരു ഐജി കോടതിയിൽത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ശിവശങ്കറും അധികം വൈകാതെ പലതും പുറത്തു പറയും. അപ്പോഴാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പല വിശദാംശങ്ങളും പുറത്തുവരാൻ പോകുന്നത്. എന്തായാലും ആദ്യ വെടി പൊട്ടിക്കഴിഞ്ഞു. ഇനി വെടികൾ പലതും പൊട്ടാനിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഐ ജി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.