കർശന നടപടി സ്വീകരിക്കണം; അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതീവ ദൗർഭാഗ്യകരമെന്ന് ഗവർണർ

ന്യൂഡൽഹി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതീവ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ റിപ്പോർട്ട് തേടുമെന്നും ഗവർണർ വ്യക്തമാക്കി.

മേലിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കുന്നതിന് കർശന നടപടി സ്വീകരിക്കണം. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. വളരെയധികം ദുഃഖവും ലജ്ജയും തോന്നുന്നു. മണിപ്പുർ സംഭവത്തേക്കുറിച്ചു പറഞ്ഞതുപോലെതന്നെ, ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയാൻ സർക്കാരിന് സാധിക്കുന്നില്ല. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാൻ ആർക്കും ധൈര്യമുണ്ടാകാത്ത വിധത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.