കോഴിക്കോട്: പാർട്ടി സംസ്ഥാന ഉപാധ്യക്ഷയേക്കാൾ സംസ്ഥാനത്തിനായി പ്രവർത്തിക്കേണ്ട ചുമതല വി മുരളീധരനുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജ്യസഭ എം പി സ്ഥാനം വരദാനമായി കിട്ടിയതാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കവെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. സമരപ്പന്തലിലേക്ക് മന്ത്രി വി മുരളീധരൻ എത്തിയിട്ടില്ല. കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം എത്രയും പെട്ടെന്ന് സന്ദർശിക്കണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പാർട്ടിയിൽ ചുമതലകൾ ഇല്ലെങ്കിലും ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ അറിയിച്ചു. അതിവേഗ റെയിലിൽ കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാർട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. വികസനത്തിന് എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂവെന്ന് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനെതിരെയും ശോഭാ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. സർക്കാരിന് ആരോഗ്യ മേഖലയോട് അവഗണനയാണ്. നഴ്സിംഗ് പഠനത്തിന് പോലും സംസ്ഥാനത്ത് അവസരം ഒരുക്കുന്നില്ല. വിദഗ്ധ പഠനം ഇല്ലാത്ത ആളുകൾ ആണ് ആരോഗ്യമേഖലയിൽ. അടിയന്തിരമായി പ്രശ്നപരിഹാരം കാണാൻ വീണ ജോർജ്ജിന് എന്തുകൊണ്ട് കഴിയുന്നില്ല. ക്ലിഫ് ഹൗസിലെ കുളം നവീകരിക്കാൻ സർക്കാരിന് ഒരു തടസ്സവും ഇല്ല. എന്നാൽ അടിസ്ഥാന വർഗ്ഗങ്ങളുടെ നേർക്ക് കണ്ണടക്കുന്നുവെന്നും കുടുംബ വാഴ്ചക്ക് മാത്രമാണ് പിണറായി ശ്രമിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

