കൊച്ചി: കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ഔദ്യോഗികമായി ചർച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേ ചർച്ച നടത്തിയിരുന്നു. ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ-റെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ല. കെ വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നൽകിയത്. ആകാശ പാതയായോ തുരങ്ക പാത ആയോ നടപ്പാക്കാം. പദ്ധതി കേരളത്തിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ വി തോമസ് വന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കില്ല. നിർമ്മാണ ചുമതല സംബന്ധിച്ചും സർക്കാരിനെ നിർദ്ദേശം അറിയിച്ചു. ഇന്ത്യൻ റെയിൽവെയോ ഡൽഹി മെട്രോയോ ഇതിന്റെ നിർമ്മാണം നടത്തണം. മുഖ്യമന്ത്രിയെ കാണാൻ തയ്യാറാണ്. എല്ലാവരുടെയും സഹകരണത്തോടെ പുതിയ പദധതി തയ്യാറാക്കുമെന്ന് മെട്രോമാൻ അറിയിച്ചു.
പദ്ധതിയിൽ കേന്ദ്രത്തെ ഉൾപ്പെടുത്തിയാൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഡൽഹി മെട്രോ, കൊങ്കൺ റെയിൽവേ എന്നീ മാതൃക ആലോചിക്കാവുന്നതാണ്. എംബാങ്ക്മെന്റിന് പകരം എലിവേറ്റഡ് പാത ആയാൽ പരിസ്ഥിതി നാശം ഒഴിവാക്കാം. പുതിയ ഡിപിആർ 18 മാസം കൊണ്ട് തയ്യാറാക്കാം. തന്റെ പ്രൊപ്പോസൽ അംഗീകരിച്ചാൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങാൻ സഹായിക്കാമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

