സുരക്ഷിത സ്ഥലങ്ങളിൽ തുടരണം; ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി

ടെൽ അവീവ്: ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. ഇറാൻ- ഇസ്രയേൽ സംഘർഷം കണക്കിലെടുത്താണ് എംബസി ഇത്തരമൊരു നിർദ്ദേശം നൽകിയത്.

അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് ഇസ്രായേലിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഏകദേശം 400 ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പലതും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്നും ചിലത് തുറസായ സ്ഥലങ്ങളിൽ പതിച്ചുവെന്നും ഇസ്രായേലി സേന പറഞ്ഞു.

ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലും ഭീകരരുടെ വെടിവയ്പ്പുണ്ടായി. ജാഫയിലെ ജെറുസലേം സ്ട്രീറ്റിലാണ് വെടിവെയ്പ്പ് നടന്നത്. അതേസമയം, ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കയും ഇസ്രായേലും പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മിസെൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

സംഘർഷത്തിന് പിന്നാലെ ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്.