യൂറോപ്പിൽ ചൂട് വർദ്ധിക്കുന്നു; വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടി

യൂറോപ്പ്: യൂറോപ്പിൽ ചൂട് വർദ്ധിക്കുന്നു. 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്ന താപനില. ഉഷ്ണതരംഗത്തിന്റെ വക്കിലാണ് യൂറോപ്പിലെ പലരാജ്യങ്ങളും. വിനോദസഞ്ചാര മേഖലയ്ക്ക് ഉഷ്ണ തരംഗം വലിയ തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഫ്ളോറൻസിലും പാലർമോയിലും ഉഷ്ണതരംഗത്തെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാൻസ്, ഇറ്റലി, പോളണ്ട് തുടങ്ങിയ സ്ഥലങ്ങളിലെയും സ്ഥിതിഗതികൾ മോശമാണ്. ഗ്രീസിലെ ഏതൻസിലെ പ്രശസ്തമായ അക്രോപോളിസ് ഉൾപ്പടെയുള്ള കേന്ദ്രങ്ങൾ അടച്ചുകഴിഞ്ഞു. ഇവിടങ്ങളിൽ ശീതികരണ സംവിധാനങ്ങളുള്ള ടൂറിസം കേന്ദ്രങ്ങൾ മാത്രമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ഇറ്റലിയിലെ അധികൃതർ മുന്നറിയിപ്പ് നൽകി.

യൂറോപ്പിൽ സഞ്ചാരത്തിനെത്തുന്നവർ സൺസ്‌ക്രീൻ ഉപയോഗിക്കണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സഞ്ചാരികൾ ധാരാളം വെള്ളം കുടിക്കണം. ഡീഹൈഡ്രേഷനും ഹീറ്റ് സ്ട്രോക്കിനും കാരണമാകുന്ന മദ്യപാനം മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.