പാചകവാതക വിലയിൽ ഉണ്ടായ വർധനവിനെതിരായ സംയുക്ത പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ

ദില്ലി: പാചകവാതക വിലയിൽ ഉണ്ടായ വർധനവിനെതിരായ സംയുക്ത പ്രതിഷേധം ആലോചിക്കാൻ പ്രതിപക്ഷ കക്ഷികൾ ചർച്ച നടത്തുന്നു. പാർലമെന്റ് സമ്മേളനം അവസാനിച്ച ശേഷം തന്നെ വില വർധിപ്പിച്ചതായി ആംആദ്മി പാർട്ടി കുറ്റപ്പെടുത്തി. അടുത്ത 15 ദിവസത്തിനകം വീണ്ടും വില വർധിപ്പിക്കപ്പെടാൻ സാധ്യതയുള്ളതായും സൂചനകളുണ്ട്. ചില സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ നികുതി കൂട്ടാനുള്ള നീക്കത്തിലുമാണ്.

നാളുകൾക്കുശേഷമാണ് ഗാർഹിക ഉപയോഗത്തിനുള്ള എൽപിജിയുടെ വില ഉയർന്നത്. 14 കിലോ സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സിലിണ്ടറിന് ഇനി 500 രൂപക്ക് പകരം 550 രൂപ നൽകേണ്ടി വരും. പദ്ധതിക്ക് പുറത്ത് ഉള്ളവർക്ക് വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു.

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പൂരി ദില്ലിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. പ്രതിമാസം രണ്ട് പ്രാവശ്യം വില പുതുക്കാനാണ് തീരുമാനം. ആഗോള വിപണിയിലെ വാതക വില വർധനയാണ് വിലകൂട്ടലിന് കാരണം എന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ഏപ്രിലുമായുള്ള താരതമ്യത്തിൽ ഇറക്കുമതി ചെലവ് 14 ശതമാനം വർദ്ധിച്ചതായി സർക്കാർ പറയുന്നു. എണ്ണ കമ്പനികൾക്ക് ഉണ്ടായ നഷ്ടം കണക്കിലെടുത്താണ് 50 രൂപയുടെ വർധനവ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നു.