വഖഫ് നിയമ ഭേദഗതി ബില്ലിനെ കർശനമായി എതിർക്കുമെന്നു കോൺഗ്രസ്

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിനെ കർശനമായി എതിർക്കുമെന്നു കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളുടെ നിർദ്ദേശങ്ങൾ പൂർണമായും അവഗണിച്ചാണ് ഈ ബിൽ മുന്നോട്ട് കൊണ്ടുവന്നതെന്ന് പ്രമോദ് തിവാരി എംപി അഭിപ്രായപ്പെട്ടു. സംയുക്ത പാർലമെന്ററി സമിതി ഏകപക്ഷീയമായ രീതിയിലായിരുന്നു പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ബില്ലിനെതിരെ സമാജ് വാദി പാർട്ടിയും രംഗത്തെത്തി. മതസൗഹാർദ്ദം തകർക്കാനാണ് ഈ ബില്ലിൻ്റെ ഉദ്ദേശ്യമെന്നു സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവ് ആരോപിച്ചു. 1000 പേജുള്ള ബിൽ അംഗങ്ങൾക്കും വേണ്ടത്ര പഠിക്കാനുള്ള അവസരം പോലും നൽകിയില്ലെന്നും, അതിനാൽ തന്നെ ജെപിസി നടപടികൾ നീതിയുക്തമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.