ബാങ്കോക്ക്: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 1,644 ആയി ഉയർന്നു. 3,408 പേർക്ക് പരിക്കേറ്റതായും 139 പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും വലിയ തടസ്സങ്ങളാണ് നേരിടുന്നത്.
അതേസമയം, മണ്ടാലയിൽ 12 നില കെട്ടിടം തകർന്നതിനെ തുടർന്ന് 30 മണിക്കൂറോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തത് ആശ്വാസകരമായ സംഭവമായി.
ഭൂചലനത്തിൽ കാര്യമായ നാശനഷ്ടം നേരിട്ട മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ ഓപ്പറേഷൻ “ബ്രഹ്മ” ആരംഭിച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനം കൂടി മ്യാൻമറിലെത്തിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യ 80 അംഗ NDRF സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കൽ ടീമിനെയും മ്യാൻമറിലേക്കയച്ചു. 16,000-ത്തിലധികം ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ന് പുലർച്ചെ മ്യാൻമറിലേക്ക് ആദ്യ വ്യോമസേന വിമാനം ദില്ലിക്കടുത്തുള്ള ഹിൻഡൻ താവളത്തിൽ നിന്ന് പുറപ്പെട്ടു. ഇതിന് പിന്നാലെ നാലു വിമാനങ്ങൾ കൂടി 15 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി മ്യാൻമറിലേക്കയച്ചു. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും മ്യാൻമറിലേക്ക് പോയിട്ടുണ്ട്. ആറു വനിത ഡോക്ടർമാരുള്‍പ്പെടുന്ന മെഡിക്കൽ സംഘവും അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകളും കരസേന എത്തിക്കും.
കൂടാതെ, നാലു നാവികസേന കപ്പലുകളും 50 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി മ്യാൻമറിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യ എല്ലാ ആവശ്യമായ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.