നീപെഡോ: മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നൂറുകണക്കിന് പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നുവീണിട്ടുണ്ട്. രാജ്യത്തിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ ഭൂകമ്പത്തിൽ ഗുരുതരമായി ബാധിച്ചു.
ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ പട്ടാള ഭരണകൂടം ആറു പ്രവിശ്യകളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി ദേശീയ പാതകൾ ഭാഗികമായി തകർന്നതായും റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഉച്ചയ്ക്ക് 12.50ന് ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന്, 6.8 തീവ്രതയുള്ള മറ്റൊരു ഭൂചലനവും ഉണ്ടായി.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ പഠനത്തിൽ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാൻഡലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള പ്രദേശമാണെന്ന് കണ്ടെത്തി. തായ്ലാൻഡിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ കാരണങ്ങളാൽ ചൈനയിലെ യുനാൻ പ്രവിശ്യയിലും തായ്ലാൻഡിലെ ബാങ്കോക്കിലും മെട്രോ, റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.