വാർഷിക പരീക്ഷകൾ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ അക്രമാസക്തമായ ആഘോഷങ്ങൾ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച് അധ്യാപകർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും, സ്‌കൂൾ പരിസരത്ത് വാഹനപ്രകടനങ്ങൾ അനുവദിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ഓഫീസർമാരുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി ഈ നിർദേശം നൽകിയത്. വിദ്യാർത്ഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കേണ്ടത് അടിയന്തരാവശ്യമാണെന്നും ലഹരി ലഭ്യമാകുന്ന വഴികൾ തടയാനുള്ള നടപടി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അറിയിച്ചു.
അതേസമയം, എട്ടാം ക്ലാസിലെ വിഷയങ്ങൾക്കായി നിശ്ചയിച്ച മിനിമം മാർക്ക് പ്രയോഗിക്കുന്നതിനായി സർക്കാർ പുതുക്കിയ മൂല്യനിർണ്ണയ രീതിക്ക് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ അടുത്ത ക്ലാസിലേക്ക് വിജയിപ്പിക്കുന്നതിനും അവധിക്കാലത്ത് പിന്തുണാ സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രിതേർത്തു പറഞ്ഞു. 2025-26 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഏപ്രിൽ രണ്ടാം വാരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

