ക്ഷയരോഗത്തെ തുടച്ചു നീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. ഡിസംബർ 7 മുതൽ മാർച്ച് 17 വരെ സംഘടിപ്പിച്ച 100 ദിവസത്തെ ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങൾ നടത്താനായി. ഇതിലൂടെ പ്രിവന്റീവ് ടിബി എക്‌സാമിനേഷൻ നിരക്ക് വർഷത്തിൽ ഒരു ലക്ഷം ജനസംഖ്യയിൽ 1500ൽ നിന്ന് 2201 ആയി ഉയർത്താനായി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു. മാർച്ച് ആദ്യ ആഴ്ചയോടെ അവരിൽ 75 ശതമാനത്തിലധികം പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 1,98,101 പേർക്ക് വിശദ പരിശോധന നടത്തി. 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കാനായതായും മന്ത്രി വ്യക്തമാക്കി.
‘അതെ! നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം: പ്രതിബദ്ധത, നിക്ഷേപം, വാതിൽപ്പടി സേവനം’ എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിന സന്ദേശം. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, സ്റ്റേറ്റ് ടി ബി സെൽ, ജില്ലാ ടിബി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക ക്ഷയരോഗ ദിനാചരണത്തിന്റേയും 100 ദിന കർമ്മ പരിപാടിയുടെ സമാപനത്തിന്റേയും ഉദ്ഘാടനം 24ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഹാളിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.