മെക്സിക്കൻ ഉൾക്കടലിൽ, ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന്, ക്രൂ-9 ബഹിരാകാശ പേടകം വിജയകരമായി ലാൻഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ക്രൂ-9 സംഘത്തിലെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.
സ്റ്റാർലൈനർ പേടകത്തിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാൽ ദൗത്യകാലാവധി നീളേണ്ടിവന്ന സുനിത വില്യംസും ബുച്ച് വിൽമോറും, 9 മാസത്തെ ദൗത്യം ആവേശകരമായി പൂർത്തിയാക്കി തിരികെ എത്തി. 2024 ജൂൺ 5നായിരുന്നു ബോയിംഗിന്റെ സ്റ്റാർലൈനർ പരീക്ഷണ പേടകത്തിൽ ഇവർ ഐഎസ്എസിലേക്ക് യാത്രതിരിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്ന ദൗത്യകാലാവധി, പക്ഷേ സാങ്കേതിക തടസ്സങ്ങൾ കാരണം തിരികെ വരാൻ കഴിയാത്ത അവസ്ഥയിലായി.
ബുധനാഴ്ച പുലർച്ചെ 2:36ഓടെ ഡ്രാഗൺ പേടകത്തിലെ സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് വേർതിരിച്ച ശേഷം 2:41ഓടെ അവസാന എഞ്ചിൻ ജ്വലനം നടത്തി ലാൻഡിംഗ് പാത ഉറപ്പിച്ചു. മൂന്നു മണിയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ സമാധാനമായിറങ്ങി.