വി.എസ് അച്യുതാനന്ദൻ ഇപ്പോഴും സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ്; ഒഴിവാക്കിയെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം അസംബന്ധമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി.എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദൻ ഇക്കാര്യം വിശദീകരിച്ചത്. മധുരയിൽ നടക്കുന്ന പാർട്ടി ദേശീയ സമ്മേളനത്തിന് ശേഷം പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ ഇപ്പോഴത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നേതാവാണ് വി.എസ്. അച്യുതാനന്ദൻ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് ക്ഷണിതാക്കളുടെ പട്ടികയിൽ ആദ്യം ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.