തിരുവനന്തപുരം: വീണ്ടും വിവാദ പ്രസംഗവുമായി പി. സി. ജോർജ്. സംസ്ഥാനത്ത് ലൗ ജിഹാദ് വ്യാപകമായി നടക്കുന്നുവെന്നായിരുന്നു ജോർജിന്റെ അവകാശവാദം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും, ഇതിൽ 41 പേരെ മാത്രം തിരികെ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
“ക്രിസ്ത്യാനികൾ 24 വയസിനു മുമ്പ് പെൺകുട്ടികളെ വിവാഹം ചെയ്യിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസ്സിലാക്കി രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം,” എന്നാണ് ജോർജിന്റെ അഭിപ്രായം.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ ഗുരുതര അപകടത്തിനുള്ളതാണെന്നും, അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാമെങ്കിലും വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു ജോർജിന്റെ പ്രസ്താവന.
പാലായിൽ നടന്ന ലഹരിവിരുദ്ധ പരിപാടിയിലായിരുന്നു പി. സി. ജോർജിന്റെ പ്രസംഗം. മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് ഈ പുതിയ പ്രസ്താവന. ജനുവരി 6-ന് ഒരു ചാനൽ ചര്‍ച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ജോർജിനെതിരെ കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതിപ്പെട്ടത്.