പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്കായി പുതിയ ദർശന മാർഗം ഒരുക്കാൻ ദേവസ്വം ബോർഡ് തുടർ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഫ്ലൈഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ശ്രീകോവിലിനു മുന്നിലെത്താൻ കഴിയുന്ന പാതയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. പുതിയ മാർഗം പരീക്ഷണാടിസ്ഥാനത്തിൽ മീനമാസ പൂജയ്ക്കായി നട തുറക്കുന്ന മാർച്ച് 14ന് ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തർ ഫ്ലൈഓവറിലൂടെ ചുറ്റിപോകേണ്ടി വരുന്നു. ഇതുമൂലം ദർശന സമയം വളരെ കുറവാണ്. പുതിയ സംവിധാനം നടപ്പാക്കിയാൽ, ഭക്തർക്ക് നേരിട്ട് കൊടിമരത്തിൻ്റെ ഇരുവശങ്ങളിലൂടെയും ശ്രീകോവിലിനു മുന്നിലേക്ക് പ്രവേശിക്കാം, കൂടാതെ ദർശനത്തിന് കൂടുതൽ സമയം ലഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി നടുവിൽ കാണിക്കവഞ്ചി സ്ഥാപിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു.
ഇരുമുടിക്കെട്ടില്ലാതെ വടക്കേനടയിലൂടെ എത്തുന്നവർക്കും ശ്രീകോവിലിനു മുന്നിലേക്ക് കടന്നുപോകാനുള്ള സൗകര്യം ഈ പുതിയ മാർഗം നൽകും. താത്കാലികമായ് നിർമ്മിക്കുന്ന ഈ പാത പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച ശേഷം, വിജയകരമായാൽ കൂടുതൽ ശാശ്വതമാക്കാൻ ദേവസ്വം ബോർഡ് ആലോചിച്ചിട്ടുണ്ടെന്നും ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. കൂടാതെ, അടിയന്തര ഘട്ടങ്ങളിൽ തിരക്ക് നിയന്ത്രണത്തിനായി പഴയ ഫ്ലൈഓവർ നിലനിര്‍ത്തും.
കഴിഞ്ഞ മണ്ഡലകാല മഹോത്സവത്തിൽ ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തുകയും, തിരക്ക് കാര്യമായി അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഭക്തർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗം നടപ്പാക്കുന്നതാണ്. ദർശനം സുഗമമാക്കുന്നതിനായി ദേവസ്വം ബോർഡും പോലീസും ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.