കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വൻ പുനസംഘടനയുണ്ടാകാൻ സാധ്യത. പുതിയ ജില്ലാ സെക്രട്ടറിമാരുള്‍പ്പെടെ ഇരുപതോളം പുതുമുഖങ്ങൾ നേതൃത്വലെത്തുമെന്ന് സൂചന. ആനാവൂർ നാഗപ്പനും പി.കെ. ശ്രീമതിയും അടക്കമുള്ള മുതിർന്ന നേതാക്കൾ സ്ഥാനമൊഴിയും. എന്നാൽ എം.വി. ഗോവിന്ദൻ സെക്രട്ടറിയായി തുടരും.
വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ, തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാൽ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് എന്നിവർക്കൊപ്പം ജെയ്ക് സി. തോമസ്, റെജി സഖറിയ, ഡി.കെ. മുരളി, കെ.എസ്. സുനിൽ കുമാർ, പി.ആർ. മുരളീധരൻ, എൻ. സുകന്യ, എസ്. ജയമോഹൻ, എം. നൗഷാദ്, പി.പി. ചിത്തരഞ്ജൻ, കെ.എച്ച്. ബാബു ജാൻ എന്നിവർ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ. മന്ത്രിമാരായ വീനാ ജോർജ്ജ്, ആർ. ബിന്ദു എന്നിവരും ഉണ്ടാകു മെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനെത്തിയ എം.വി. നികേഷ് കുമാറിനെ ക്ഷണിതാവാക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു.
കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുടെ നയപരമായ സമീപനങ്ങളിൽ വലിയ പുനരാലോചന നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച “നവകേരളം” എന്ന കാഴ്ചപ്പാട് പ്രതിനിധികൾ ഒറ്റക്കെട്ടായി അംഗീകരിച്ചു. സ്വകാര്യ നിക്ഷേപം കൂടുതൽ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ള ഈ നയരേഖയ്ക്ക് പ്രതിനിധികൾ പൂര്‍ണ പിന്തുണ നൽകിയപ്പോഴും സെസും ഫീസും സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന നിർദേശമാത്രമേ ഉയർന്നിട്ടുള്ളൂ. നാലു മണിക്കൂർ നീണ്ട ചർച്ചയിൽ പാർട്ടിയുടെ അടിസ്ഥാന നയപരമായ മാറ്റങ്ങൾ ആരും ചോദ്യം ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.