ഗുജറാത്ത്: രാജ്യ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിന്റെ സുരക്ഷാ ചുമതൽ മുഴുവനും വനിതാ പൊലിസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. മാർച്ച് 8-ന് ഗുജറാത്തിലെ നവ്‌സാരി ജില്ലയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയുടെ സുരക്ഷ ഗുജറാത്ത് പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ ഏറ്റെടുക്കും.
ഇതിനായി 2,145 വനിതാ കോൺസ്റ്റബിൾമാരും, 187 വനിതാ സബ്-ഇൻസ്പെക്ടർമാരും, 61 വനിതാ ഇൻസ്പെക്ടർമാരും, 16 വനിതാ ഡെപ്യൂട്ടി എസ്.പിമാരും, 5 വനിതാ എസ്.പിമാരും, ഒരു വനിതാ ഐജിയും എഡിജിപിയും ഉൾപ്പെടുന്ന ടീം സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറി നിപുമ ടൊറവാനാണ് ഇതിന് നേതൃത്വം നൽകുന്നത്.
150,000-ത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ‘ലാഖ്പതി ദീദി’ പദ്ധതിയുമായി ബന്ധപ്പെട്ട വനിതകളുമായി സംവദിക്കുകയും, അഞ്ച് പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയും ആദരിക്കുകയും ചെയ്യും. 2023 ഓഗസ്റ്റ് 15-ന് മോദി സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി ഗ്രാമീണ മേഖലയിലെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിലാണ് ലക്ഷ്യമിടുന്നത്.
പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്ത് സർക്കാരിന്റെ ജി-സഫാൽ (ഗുജറാത്ത് അന്ത്യോദയ കുടുംബങ്ങൾക്കായുള്ള പദ്ധതി) പദ്ധതിയും ജി-മൈത്രി (ഗ്രാമീണ വരുമാന വികസനത്തിനായുള്ള പദ്ധതി) പദ്ധതിയും ഉദ്ഘാടനം ചെയ്യും.