തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ അവസാന ദിവസം വിദ്യാർത്ഥികളുടെ സ്കൂളിനുള്ളിലെ ആഘോഷങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കാസർകോട് ഒരു സ്കൂളിലെ യാത്രയയപ്പ് പരിപാടിയിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച സംഭവവും, താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ മരിച്ച സംഭവവും കണക്കിലെടുത്താണ് ഈ തീരുമാനം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ നടപടിയെടുക്കാൻ തീരുമാനമായത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയച്ചിട്ടുണ്ട്.
അവസാന പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാർത്ഥികൾ ഹോളി മാതൃകയിൽ കളിക്കലും ചെണ്ടമേളം ഉൾപ്പെടെയുള്ള ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് പലപ്പോഴും പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നും, അതിനാൽ അത്തരം പ്രവർത്തനങ്ങൾ തടയാൻ സ്കൂൾ മാനേജ്മെന്റുകൾ കർശനമായ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞ ഉടൻ വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങണമെന്ന് നിർബന്ധിക്കണമെന്നും, രക്ഷിതാക്കൾ കുട്ടികൾ വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ചില വിദ്യാർത്ഥികൾ സ്കൂളിന്റെ ശൗചാലയങ്ങളിലും മറ്റു സ്ഥലങ്ങളിലും മദ്യപിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, പരീക്ഷ കഴിഞ്ഞ് ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല.
അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ വിദ്യാർത്ഥികൾ തങ്ങാൻ അനുവദിക്കില്ലെന്നും, തീരുമാനം കർശനമായി നടപ്പിലാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.

