കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ 200 രൂപ; സിനിമാ മേഖലയ്ക്ക് പുതിയ പദ്ധതികൾ

കർണാടകത്തിലെ എല്ലാ തീയറ്ററുകളിലും, മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ, സിനിമാ ടിക്കറ്റ് നിരക്ക് പരമാവധി 200 ആക്കി കുറച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ സർക്കാരിന്റെ 16-ാം ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന നിർദേശങ്ങളിലൊന്നാണ് ഈ തീരുമാനം.

കന്നഡ സിനിമാ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ കന്നഡ ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്നില്ലെന്ന് രക്ഷിത് ഷെട്ടിയും ഋഷഭ് ഷെട്ടിയും പ്രകടിപ്പിച്ച ആശങ്കയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം. “ഏകം” എന്ന വെബ് സീരീസ് റിലീസ് ചെയ്യാനാകാത്ത സാഹചര്യത്തിൽ, രക്ഷിത് ഷെട്ടിയുടെ പരംവാഹ് സ്റ്റുഡിയോ 2024 ജൂലൈയിൽ സ്വന്തം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു.

കന്നഡ സിനിമകളുടെ സംഭരണത്തിനായി സർക്കാർ 3 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തിന്റെ സാമൂഹിക, ചരിത്ര, സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ ശേഖരിക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. ഡിജിറ്റൽ, ഡിജിറ്റൽ ഇതര ഫോർമാറ്റുകളിൽ സിനിമകൾ ആർക്കൈവിൽ സൂക്ഷിക്കും.

സിനിമാ മേഖലയെ വ്യവസായമായി അംഗീകരിക്കാൻ സർക്കാരിന്റെ തീരുമാനം. വ്യാവസായിക നയത്തിന് കീഴിൽ മറ്റ് മേഖലകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇനി സിനിമാ മേഖലക്കും ലഭിക്കും. കൂടാതെ, കർണാടക ഫിലിം അക്കാദമിയുടെ 2.5 ഏക്കർ സ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മൾട്ടിപ്ലക്സ് സമുച്ചയം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.