തിയേറ്ററിൽ വൻ വിജയം നേടിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടെലിവിഷൻ പ്രദർശനത്തിനായി സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ആണ് പ്രദർശനാനുമതി നിഷേധിച്ചത്.
ലോവർ കാറ്റഗറിയിലേക്ക് (U അല്ലെങ്കിൽ U/A) മാറ്റുന്നതിനുള്ള നിർദേശം റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ബോർഡ് നിരസിച്ചു. ചിത്രത്തിൽ വയലൻസ് ഉള്ളതിനാൽ കാറ്റഗറി മാറ്റം സാധ്യമല്ലെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ ദൃശ്യങ്ങൾ ഒഴിവാക്കിയാൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാനാകുമെന്നാണു ബോർഡിന്റെ തീരുമാനം.
മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ വൻ വിജയങ്ങളിലൊന്നായ മാർക്കോ, ബോക്സോഫീസിൽ വലിയ വരുമാനമുണ്ടാക്കി. മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമെന്നറിയപ്പെട്ട ചിത്രം, ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ എത്തിയതായിരുന്നു. മലയാളികൾ മാത്രമല്ല, മറ്റു ഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തു. ഹിന്ദി പതിപ്പ് മികച്ച കളക്ഷനെടുത്തതോടൊപ്പം തെലുങ്ക് പതിപ്പും ശ്രദ്ധിക്കപ്പെട്ടു. ഒടിടിയിലും ചിത്രം ഏറെ പ്രേക്ഷകരെ കാവരിച്ചിരുന്നു. 100 കോടി ക്ലബിൽ ഇടം നേടിയ ‘മാർക്കോ’ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി.
അതേസമയം, കേരളത്തിൽ യുവാക്കൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ വളർച്ചയും സിനിമകളുടെ സ്വാധീനവുമുള്ള ചര്‍ച്ചകളിൽ ‘മാർക്കോ’ ഉൾപ്പെട്ടിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ വിമർശിച്ചവരും ഉണ്ടായിരുന്നു. തിയേറ്റർ പ്രദർശന സമയത്തും ചില ദൃശ്യങ്ങളുടെകുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു.