തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പരധാരണയും തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും വ്യാവസായിക പുരോഗതിക്ക് അനിവാര്യമാണെന്ന് തുറമുഖം, സഹകരണ, ദേവസ്വംവകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ശരിയായ നിലയിൽ ഊർജം നൽകി തൊഴിൽ മേഖലയെ കരുത്തുറ്റതാക്കാൻ കഴിയൂ. ഇതിലൂടെയാണ് തൊഴിലുടമയുടെ വ്യവസായത്തിന്റെയും വളർച്ച സാധ്യമാകുന്നത്. ഈ പരസ്പര ധാരണയിലൂടെ മാത്രമേ നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. പ്രായോഗികമായ നിരവധി പ്രശ്‌നങ്ങൾ ഇന്ന് തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നു. തൊഴിലാളികളുടെ മാനസികവും കായികവുമായ അധ്വാനം പ്രയോജനപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വിഷമതകളെയും പ്രധാന്യത്തോടെ പരിഗണിക്കുകയും അതില്ലാതാക്കാനുള്ള ശ്രമങ്ങൾ സ്വീകരിക്കുകയും ചെയ്യണം. കേരളത്തെ സംബന്ധിച്ചടുത്തോളം നിക്ഷേപക സൗഹൃദ അന്തരീക്ഷവും വ്യാവസായിക പുരോഗതിയും വലിയ മാറ്റം സൃഷ്ടിച്ച കാലമാണിത്. ടീം വർക്കിലൂടെയാണ് ഉൽപ്പാദന, സേവന മേഖലകളിലടക്കം പുരോഗതി സാധ്യമാകുന്നത് എന്ന തിരിച്ചറിവ് പ്രധാനമാണ്.
തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനും രോഗാവസ്ഥകൾ തിരിച്ചറിയുന്നതിനുമായി ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ആരംഭിച്ച മൊബൈൽ മെഡിക്കൽ എക്‌സാമിനേഷൻ യൂണിറ്റ് മികച്ച സംരഭമാണ്.
ആംബുലൻസിൽ ക്രമീകരിച്ചിരിക്കുന്ന ഈ യൂണിറ്റ് തൊഴിലിടങ്ങളിലെത്തി പരിശോധന നടത്തുന്നു എന്നതിനാൽ പ്രാഥമിക ചികിൽസ പരിശോധകൾക്കായി തൊഴിലാളിയുടെ തൊഴിൽ ദിനം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. രോഗനിർണയം സാധ്യമാക്കി ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രീതി തൊഴിലാളി സൗഹൃദമായ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതത്വ അവാർഡ്, ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം, ‘സുരക്ഷാജാലകം’ മാഗസിന്റെ അഞ്ചാം പതിപ്പിന്റെ പ്രകാശനം, മൊബൈൽ മെഡിക്കൽ എക്സാമിനേഷൻ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് എന്നിവയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.