കോഴിക്കോട്: വയനാട് തുരങ്കപാത നിർമ്മാണത്തിനായി സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു. 25 വ്യവസ്ഥകളോടെയാണ് അനുമതി അനുവദിച്ചത്. ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശമായതിനാൽ നിർമാണം അതീവ ജാഗ്രതയോടെ നടത്തണമെന്ന നിർദ്ദേശം സമിതി മുന്നോട്ടുവച്ചു. പാറ തുരക്കുന്നതിന് ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും പരിസ്ഥിതിയിലുണ്ടാകുന്ന ദോഷങ്ങൾ പരമാവധി നിയന്ത്രിക്കണമെന്നും നിർദേശമുണ്ട്. വിവിധ ഘട്ടങ്ങളിൽ വിശദീകരണം തേടിയ ശേഷമാണ് അനുമതി നൽകിയത്. വന്യജീവികളുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ കണക്കിലെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിർമാണത്തിനായി സർക്കാർ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ സാധ്യതയുണ്ട്.
2025-03-04

