തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും . ഇത്തവണ റഗുലർ വിഭാഗത്തിൽ 4,27,021 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. കേരളത്തുടനീളം 2964 പരീക്ഷാ കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളുമാണുള്ളത്. എല്ലാ പരീക്ഷാർത്ഥികൾക്കും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിജയാശംസകൾ നേർന്നു.
ഗൾഫ് മേഖലയിലായി 682 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഓൾഡ് സ്‌കീം വിഭാഗത്തിൽ എട്ടു പേരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്—28,358 പേർ. ഏറ്റവും കുറഞ്ഞ വിദ്യാർത്ഥികളുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് (ആലപ്പുഴ റവന്യൂ ജില്ല) ആണ്, അവിടത്തെ 1893 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. 2017 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന എടരിക്കോട് പികെഎംഎം എച്ച്എസ്എസ് (തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല) ആണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം. തിരുവനന്തപുരം ഫോർട്ട് ഗവ. സംസ്കൃതം എച്ച്എസ്എസിൽ ഒരാൾ മാത്രം പരീക്ഷയെഴുതുന്നു.
ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3057 വിദ്യാർത്ഥികളും എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രവും 65 വിദ്യാർത്ഥികളും ഉണ്ടാകും. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിലാണ് എഎച്ച്എസ്എൽസി പരീക്ഷ നടക്കുന്നത്. എസ്‌എസ്‌എൽസി ഹിയറിംഗ് ഇംപെയേർഡ് വിഭാഗത്തിൽ 29 കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും, ടിഎച്ച്എസ്എൽസി ഹിയറിംഗ് ഇംപെയേർഡ് വിഭാഗത്തിൽ 12 വിദ്യാർത്ഥികളും പരീക്ഷ എഴുതും.

