ലോകത്തിന്റെ ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് – യുക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി കൂടിക്കാഴ്ച തർക്കത്തോടെയാണ് അവസാനിച്ചത്. വൈറ്റ് ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ വാക്കുതർക്കം അതിരൂക്ഷമായതിനെ തുടർന്ന് സെലൻസ്കിയെ പുറത്തുപോകാൻ നിർദേശിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ച ആസ്വാഭാവികമായിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ആരംഭിച്ച ചർച്ചയിൽ, സെലൻസ്കിയുടെ നിലപാടുകളെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. അമേരിക്കയുടെ സഹായം കൊണ്ട് യുദ്ധം തുടർന്നു കൊണ്ടിരിക്കുകയാണോ? മൂന്നാം ലോക മഹായുദ്ധം ലക്ഷ്യമിട്ടുണ്ടോ? എന്നുളള ട്രംപിന്റെ ചോദ്യം ചർച്ചയെ കൂടുതൽ തീവ്രമാക്കി.
സംഘർഷം ഉയർന്നതോടെ സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി. ചർച്ച പൂർണമായും തകർന്നതോടെ, വൈറ്റ് ഹൗസിൽ നിന്ന് പുറത്ത് എത്തിയ സെലൻസ്കി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എന്നാൽ, പിന്നീട് എക്സിൽ അദ്ദേഹം ട്രംപിന് നന്ദി അറിയിച്ചു. റഷ്യൻ മാധ്യമങ്ങളും ഈ സംഭവം വലുതായി റിപ്പോർട്ട് ചെയ്യുകയാണ്.