തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടം സമഗ്രമായി പുതുക്കിപ്പണിയുന്നതിനുള്ള പദ്ധതിയുമായി പിണറായി സർക്കാർ. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കുന്നതിനും ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിവിധ നിർദ്ദേശങ്ങൾ ആലോചിച്ചു, അതിൽ സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം കണ്ടെത്താനും പ്രധാനമായ തീരുമാനമായി.
ആവശ്യമായ അറ്റകുറ്റപ്പണികൾ തൽസമയം നടത്താത്തതിന്റെ ഫലമായി ചെറിയതും വലിയതുമായ അപകടങ്ങൾ പതിവായിട്ടുണ്ട്. ഇത് പരിഹരിക്കാനായി ആധുനിക സൗകര്യങ്ങളോടുകൂടിയ നവീകരണ പദ്ധതിയാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതിനായി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ജനുവരി 20-നു ചേർന്ന യോഗത്തിൽ ഹൗസ് കീപ്പിംഗ് സെല്ലിനെ ചുമതലപ്പെടുത്തുകയും സെക്രെട്ടേറിയേറ്റ് വളപ്പിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം പൂർണക്ഷമമാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ഇലക്ട്രോണിക് മാലിന്യ സംസ്‌കരണത്തിനും ഉപയോഗശൂന്യമായ വാഹനങ്ങൾ സെക്രട്ടറിയേറ്റിൽ നിന്ന് നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നായകളെ ഒഴിപ്പിക്കാൻ പൊതുഭരണ വകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് സെല്ലിന് നിർദേശമുണ്ട്. കൂടാതെ, ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി ഫിസിയോ തെറാപ്പി സെന്റർ സ്ഥാപിക്കാനുള്ള സാധ്യതയും ആലോചിക്കുന്നു.