ആശക്കാർക്ക് പ്രതിമാസം 13,000 രൂപ ലഭിക്കുന്നു; 9,500 രൂപ സംസ്ഥാന സർക്കാർ നല്‍കുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴി നടക്കുന്ന ഡാറ്റ ശേഖരണത്തെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സമരത്തിൽ പങ്കെടുത്തിരിക്കുന്നത് വളരെ കുറച്ച് ആശാ പ്രവർത്തകരുമാത്രമാണെന്നും, അവരുടെ പഞ്ചായത്തുകളിൽ ബദൽ സംവിധാനം ഒരുക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ സമരത്തിൽ ഏഴ് ശതമാനം ആശമാർ പങ്കെടുത്തിരുന്നുവെങ്കിൽ ഇപ്പോൾ ഇത് ആറുശതമാനമായി കുറഞ്ഞതായി ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നു. സംസ്ഥാനത്തെ ഓരോ ആശയ്ക്കും പ്രതിമാസം ശരാശരി ₹13,000 ലഭിക്കുമ്പോൾ, ₹9,500 സംസ്ഥാനം ഏറ്റെടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും സംസ്ഥാന സർക്കാർ അർഹമായ പരിഗണന നൽകുന്നുവെന്നും ഓണറേറിയം വർദ്ധന പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത നേടിയവരെ ആശാ വർക്കർമാരാക്കി, കൂടാതെ കമ്പ്യൂട്ടർ സാക്ഷരത ഉൾപ്പെടെയുള്ള പരിശീലനങ്ങൾ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ വിശദീകരണം.