കേരളത്തിലെ തദ്ദേശഭരണ നിര്‍വഹണത്തില്‍ വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്ന നൂതന കാല്‍വെപ്പാണ് വിവരസഞ്ചയിക 2024 എന്ന്
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തയ്യാറാക്കിയ കണ്ണൂര്‍ വിവരസഞ്ചയിക 2024 പഞ്ചായത്ത്തല റിപ്പോര്‍ട്ടുകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സൃഷ്ടിച്ച ഈ മാതൃക കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാതൃകയായെടുത്ത് നടപ്പാക്കാം. അതിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബൃഹത്തായ വിവരസഞ്ചയം വളരെ അമൂല്യമാണ്. ഇന്നത്തെ ലോകത്ത് സ്വര്‍ണ്ണഖനി എന്ന് പറയുന്നത് ഡാറ്റയാണ്. ഡാറ്റയുടെ വിശകലനമാണ് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായകരമാകുന്നത്. ഏത് പദ്ധതികളും ആസൂത്രിതമായും കാര്യക്ഷമമായും നടപ്പാക്കാന്‍ ശാസ്ത്രീയമായ വിവരങ്ങള്‍ ലഭ്യമാകണം. ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുംവിധം കൃത്യവും കാലികവുമായ സ്ഥിതിവിവരക്കണക്കുകള്‍ യാഥാര്‍ത്ഥ്യമാവുന്നതിനുവേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് കണ്ണൂര്‍ വിവരസഞ്ചയിക. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 46 ഗ്രാമ പഞ്ചായത്തുകളില്‍ സമഗ്ര സാമൂഹ്യ സാമ്പത്തിക സ്ഥലപര സര്‍വെ നടന്നു. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്‍ മുഖേന നടത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് രൂപത്തില്‍ വിവര സഞ്ചയിക പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഗ്രമപഞ്ചായത്തുകളായി കടന്നപ്പള്ളി, കണ്ണപുരം, കുറ്റിയാട്ടൂര്‍, ചെറുപുഴ പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. പഞ്ചായത്ത് പ്രതിനിധികള്‍ മന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി സരള അധ്യക്ഷയായി. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ബി ശ്രീകുമാര്‍ വിവരസഞ്ചയിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി ശ്രീജിനി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, തദ്ദേശ സ്വയംവരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍, റിസര്‍ച്ച് ഓഫീസര്‍ സി.എം സുധീഷ്‌കുമാര്‍, ടൈനി സൂസന്‍ തുടങ്ങിവര്‍ സംസാരിച്ചു.