ദില്ലി: മദ്യനയത്തിലെ ക്രമക്കേടുകൾ കുറിച്ച് സിഎജി (കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. 2,002 കോടി രൂപയുടെ വരുമാന നഷ്ടം സർക്കാർ നേരിട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള യാതൊരുവിധ സംവിധാനവുമില്ലായിരുന്നുവെന്നും, വലിയ മദ്യ ലോബികൾക്ക് അനുകൂലമായി നയം രൂപീകരിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സിഎജി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
- മദ്യശാലകളുടെ ഉടമസ്ഥാവകാശ പരിധി 2ൽ നിന്ന് 54 ആയി ഉയർത്തി, വലിയ കോർപ്പറേറ്റുകൾക്ക് അനുകൂലമായ തീരുമാനങ്ങൾ.
- കാബിനറ്റ് അംഗീകാരമില്ലാതെ അനധികൃത ഇളവുകൾ അനുവദിച്ചു.
- എംസിഡിയുടെയും ഡിഡിഎയുടെയും അനുമതിയില്ലാതെ ജനവാസ മേഖലകളിൽ അനധികൃത മദ്യശാലകൾ തുറന്നു.
- കാബിനറ്റ് നടപടിക്രമങ്ങളുടെ ലംഘനം.
നിയമസഭയിൽ സംഘർഷം:
സിഎജി റിപ്പോർട്ട് അവതരിപ്പിച്ച സാഹചര്യത്തിൽ നിയമസഭയിൽ കടുത്ത പ്രതിഷേധം ഉയർന്നു. ലഫ്റ്റനൻറ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയിൽ എഎപി അംഗങ്ങൾ പ്രതിഷേധം തുടർന്നു. ബിജെപി, ആംആദ്മി പാർട്ടി എംഎൽഎമാരുടെ തമ്മിൽവാക്കുതർക്കവും ബഹളവും ഉടലെടുത്തു.
അതിർത്തി ലംഘിച്ചതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെ നിരവധി എഎപി എംഎൽഎമാരെ മാർഷൽമാർ സഭയിൽ നിന്ന് പുറത്താക്കി. പ്രതിഷേധം തുടർന്നതിനെ തുടർന്ന് സ്പീക്കർ 12 എംഎൽഎമാരെ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. അതിഷി, ഗോപാൽ റായ് തുടങ്ങിയവരെ പുറത്താക്കിയതിൽ എഎപി കനത്ത പ്രതിഷേധം രേഖപ്പെടുത്തി.