മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ പി. സി. ജോർജ് കോടതിയിൽ കീഴടങ്ങി

കോട്ടയം: ടെലിവിഷൻ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് പി. സി. ജോർജ് ഈരാറ്റുപേട്ട മുൻസിഫ് കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പി. സി ജോർജ് കീഴടങ്ങിയത് .

ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു ജോർജിന്റെ കോടതി പ്രവേശനം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും കൂടെയുണ്ടായിരുന്നു. നിയമത്തിന് കീഴടങ്ങാനാണ് താൻ കോടതിയിൽ ഹാജരായതെന്നാണ് പി. സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കോട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് നടപടികൾ ആരംഭിച്ചിരുന്നു. ജോർജിന്റെ വീട്ടിലെത്തിയെങ്കിലും നോട്ടീസ് നൽകാനായില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് അറസ്റ്റിന് മുൻപ് തന്നെ ജോർജ് കീഴടങ്ങുകയായിരുന്നു.

ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിനെ തുടർന്ന് ജനുവരി 6-ന് നടന്ന ചാനൽ ചര്‍ച്ചയിലെ പരാമർശങ്ങളെ ആസ്പദമാക്കി പൊലീസ് കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.