മലയാള സിനിമാ നിർമ്മാതാക്കളിൽ ഒരു വിഭാഗം ആഹ്വാനം ചെയ്ത പണിമുടക്കിന് തങ്ങളൊരുവിധ പിന്തുണയും നൽകില്ലെന്ന് ‘അമ്മ’ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനിച്ചു. സിനിമാ വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, ചിലരുടെ പിടിവാശി മൂലം അനാവശ്യമായി സമരത്തിലേക്ക് മലയാള സിനിമയെ തള്ളിയിടുന്നത് തൊഴിലാളികൾക്കും വ്യവസായത്തിനും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് യോഗം.
അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ടത് ‘അമ്മ’യുടെ ജനറൽ ബോഡിയാണെന്നും യോഗത്തിൽ തീരുമാനമായി. മലയാള സിനിമയുടെ വികസനത്തിനായി ചലച്ചിത്ര മേഖലയിലെ മറ്റ് സംഘടനകളുമായി സമവായം പുലർത്താൻ ‘അമ്മ’ എപ്പോഴും തയ്യാറാണെന്നും യോഗം വ്യക്തമാക്കി.