ദില്ലി: ശശി തരൂരിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിത്വ മോഹം സഫലമാകില്ലെന്ന് ഹൈക്കമാൻഡ് . സംസ്ഥാന നേതൃത്വത്തോടൊപ്പം സഹകരിച്ച് തദ്ദേശവും നിയമസഭാ തെരഞ്ഞെടുപ്പുകളും നേരിടാനാണ് പാർട്ടി തീരുമാനം. കൂടാതെ, തരൂരിനെ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകാനും ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാറില്ല, ഈ നയത്തിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് ആവർത്തിച്ചു. അതിനാൽ തരൂരിന്റെ മോഹം യാഥാർത്ഥ്യമാകാൻ സാധ്യതയില്ല. പാർട്ടി ഐക്യത്തോടെ തെരഞ്ഞെടുപ്പ് നേരിടും.
തരൂരിന്റെ അഭിമുഖ പ്രസ്താവനകളെ തള്ളിക്കളയാനാണ് പാർട്ടി തീരുമാനം. ഇതു സംബന്ധിച്ച് പാർട്ടിയുടെ നിലപാട് ഉറപ്പിച്ചു മുന്നോട്ട് പോകാനാണ് ഉന്നത നേതൃത്വത്തിന്റെ സമീപനം.
തരൂരിന്റെ പ്രസ്താവനയെ സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുന്‍ ഖർഗെയുടെയും അഭിപ്രായം കെ സി വേണുഗോപാൽ തേടിയിരുന്നു. വിവാദത്തിന് പ്രതികരിക്കേണ്ടതില്ലെന്ന നിർദ്ദേശം ദേശീയ തലത്തിലെ വക്താക്കൾക്കും നൽകിയിട്ടുണ്ട്.