ന്യൂഡൽഹി: രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 17 നഗരങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) ബോർഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (KMRL) പഠനത്തിന്റെ ചുമതല നൽകിയത്.
നിലവിലുള്ള ജലഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നഗര ഗതാഗത സംവിധാനം ഉറപ്പാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊൽക്കത്ത, പ്രയാഗ്‌രാജ്, പട്‌ന, ശ്രീനഗർ, വാരണാസി, മുംബൈ, വസായ്, മംഗലാപുരം , ഗാന്ധിനഗർ-അഹമ്മദാബാദ് , ആലപ്പുഴ, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഫെറി സർവീസിനായാണ് സാധ്യതാ പഠനം.
ജലഗതാഗത സംവിധാനത്തിലൂടെ സമീപ മുനിസിപ്പാലിറ്റികളും പഞ്ചായത്ത് പ്രദേശങ്ങളും ദ്വീപുകളും ബന്ധിപ്പിച്ച് ടൂറിസത്തെയും പ്രാദേശിക സാമ്പത്തിക വളർച്ചയെയും പ്രോത്സാഹിപ്പിക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. മാലിന്യമില്ലാത്ത ഇലക്ട്രിക് ഫെറികൾ, ആധുനിക ടെർമിനലുകൾ എന്നിവ പദ്ധതിയുടെ ഭാഗമായിരിക്കും. ഹരിത ജലഗതാഗത നയത്തിന് അനുസൃതമായി ഇലക്ട്രിക് കറ്റമരനുകൾ വാങ്ങുന്നതടക്കമുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികളും കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ട്. വാരണാസിയും അയോധ്യയും ഉൾപ്പെടെ ചില നഗരങ്ങളിൽ ഇലക്ട്രിക് കറ്റമര ഫെറികൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു, അതേസമയം ഗുവാഹത്തി, മഥുര എന്നിവിടങ്ങളിൽ കൂടുതൽ ഫെറികൾ ഉടൻ എത്തും.
നഗര ജലഗതാഗതം മെച്ചപ്പെടുത്തിയും വാട്ടർ മെട്രോ പദ്ധതികൾ വിപുലീകരിച്ചുമാണ് കേന്ദ്ര സർക്കാർ ജനങ്ങൾക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കാൻ ശ്രമിക്കുന്നത്.