കൊച്ചി: സംസ്ഥാനത്ത് പുതിയ നാലുവരിപ്പാതയായ കൊല്ലം-തേനി ദേശീയപാത (NH 183)യുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാകുമെന്ന് അധികൃതർ. സ്ഥലം ഏറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ യൂട്ടിലിറ്റി സർവേയും പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
അടുത്ത ഘട്ടത്തിൽ വൈദ്യുതി തൂണുകൾ, ഓപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ജലവിതരണ പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കേണ്ടതുമായ ചിലവിന്റെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയാകുന്ന ഘട്ടത്തിലാണ് പദ്ധതി. കൊല്ലം മുതൽ ആലപ്പുഴയിലെ ആഞ്ഞിലിമൂട് വരെയുള്ള 62 കിലോമീറ്റർ ദൂരത്തിൽ 3100-ഓളം വൈദ്യുതി തൂണുകൾ മാറ്റിവെക്കേണ്ടതുണ്ട്. ഹൈടെൻഷൻ ലൈനുകളും ഇതിനകം പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായതിന് പിന്നാലെ യൂട്ടിലിറ്റി ഡക്റ്റ് രൂപീകരിച്ച് ഇതെല്ലാം അലൈൻമെന്റിനനുസരിച്ച് മാറ്റി സ്ഥാപിക്കും. അതോടൊപ്പം തന്നെ പാതാ നിർമ്മാണ പ്രവർത്തനങ്ങളും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടപടികളും സമാന്തരമായി പുരോഗമിക്കും.
പദ്ധതിയുടെ ആദ്യഘട്ട 3(എ) നോട്ടിഫിക്കേഷൻ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്നും 24 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകൾ വഴിയാണ് ദേശീയപാത 183 കടന്നുപോകുക.