കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ആർട്സൺ ഗ്രൂപ്പ് കൊച്ചിയിൽ നിക്ഷേപത്തിനൊരുങ്ങുന്നു. നൂറ് ടണ്ണിൽ താഴെ ഭാരമുള്ള ബോട്ടുകളുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് മലബാർ സിമന്റ്സുമായി സംയുക്ത സംരംഭത്തിനായി താത്പര്യപത്രം (MoU) ഒപ്പുവെച്ചു.
കേരളത്തിലെ നിക്ഷേപ സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഗ്ലോബൽ ഇൻവസ്റ്റേഴ്സ് സമ്മിറ്റിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിന് ഉണർവേകുന്ന സമ്മിറ്റിൽ നിരവധി പ്രമുഖ നിക്ഷേപ വാഗ്ദാനങ്ങൾ ഉയർന്നുവരുന്നു.
ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്ന് അറിയിച്ചപ്പോൾ, അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. വിഴിഞ്ഞത്ത് മാത്രം 20,000 കോടിയുടെ അധിക നിക്ഷേപം, 5000 കോടിയുടെ ഇ-കൊമേഴ്സ് ഹബ്, തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 5000 കോടി രൂപയുടെ പദ്ധതികൾ എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനങ്ങൾ.
കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3000 കോടി രൂപ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടി രൂപ എന്നിവയുടെ നിക്ഷേപ താൽപര്യവും സമ്മിറ്റിൽ മുന്നോട്ട് വന്നു. ലുലു ഗ്രൂപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികളും ഉൾപ്പെട്ടിട്ടുണ്ട് , ഇതിൽ ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്കരണ മേഖലയും പ്രധാനമാണ്.