ദില്ലി: കോൺഗ്രസിലെ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചന നൽകി പാർട്ടി നേതൃത്വം. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പിന്തുണച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചതും പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതിനിടെ, കഴിഞ്ഞ ദിവസം ദില്ലിയിൽ ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ തരൂർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
പാർട്ടിയിൽ സ്വന്തം അഭിപ്രായങ്ങൾക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നും കൂടിയാലോചന കുറയുന്നതായി തരൂർ രാഹുൽ ഗാന്ധിയോട് പരാതി ഉന്നയിച്ചതായി അറിയുന്നു. എന്നാൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും സംഘടന ചുമതലകൾ നൽകാൻ താൽക്കാലികമായി താത്പര്യമില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. പാര്‍ലമെന്റിലെ പൊതുവായ ചുമതലകൾ മാത്രമേ തരൂരിന് നൽകൂ എന്നതാണ് തീരുമാനം.
ഈ സാഹചര്യത്തിൽ തരൂരിന്റെ നിലപാടുകൾ നിർണ്ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പാർട്ടി നേതൃത്വത്തിന്റെ കടുത്ത അവഗണന നേരിട്ടാൽ താൻ ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ തരൂർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാന തലത്തിൽ തന്നെ അടിച്ചമർത്താനുള്ള ശ്രമം നടക്കുന്നുവെന്ന തരൂരിന്റെ ആരോപണങ്ങൾക്ക് മറുപടിയായി, കെപിസിസിയും ദേശീയ നേതൃത്വം കൂടിയുമാണ് കർശന നിലപാട് സ്വീകരിച്ചത്. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെ സംസ്ഥാന നേതൃത്വം കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ ശക്തമായത്

